Author Image ഡോ. വിനിൽ പോൾ
28 Aug 2026

അയ്യൻകാളിയുടെ ആധുനികത

നവോത്ഥാന ചരിത്രത്തെക്കുറിച്ചുള്ള പരമ്പരാഗത വിശകലനങ്ങളിൽ ഭൂരിഭാഗവും അയ്യൻകാളിയെ വെറുമൊരു 'സാമൂഹിക പരിഷ്കർത്താവ്’ എന്ന ലളിത സമവാക്യത്തിൽ ഒതുക്കിനിർത്തുകയാണ്. എന്നാൽ, ജാതി-അധികാര ഘടനകളെ ചോദ്യം ചെയ്തുകൊണ്ട് കീഴാള മനുഷ്യനെ സ്വതന്ത്ര പൗരത്വത്തിലേക്ക് പുനർസങ്കൽപ്പിച്ച രാഷ്ട്രീയ ചിന്തകനായിരുന്നു അയ്യൻകാളി. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും ജീവിതാന്തസ്സും വെറും സൗജന്യങ്ങളല്ല, മറിച്ച് തടയാനാവാത്ത രാഷ്ട്രീയ അവകാശങ്ങളാണെന്ന് പ്രഖ്യാപിച്ച അയ്യൻകാളിയുടെ പ്രയോഗങ്ങൾ 'കീഴാള ആധുനികത'യുടെ അടിത്തറ പാകുകയായിരുന്നു. കേരളത്തിന്റെ ആധുനികതാ നിർമ്മിതിയിൽ അയ്യൻകാളി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ചും ജനാധിപത്യ ഭാവനകളെക്കുറിച്ചും ചരിത്രകാരൻ  ഡോ. വിനിൽ പോൾ. എഴുതുന്നു.

കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ അയ്യൻകാളിയെ ഓർക്കുന്നത് പലപ്പോഴും ഒരു സാമൂഹിക പരിഷ്കർത്താവായും ദലിത് അവകാശങ്ങളുടെ പോരാളിയായും വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയ നേതാവായും ജനാധിപത്യത്തിന്റെ മുൻഗാമിയായും ആണ്. ഈ വിശേഷണങ്ങൾ ഓരോന്നും ശരിയാണ്. എന്നാൽ അയ്യൻകാളിയുടെ ചരിത്രപ്രാധാന്യം ഇവയിൽ മാത്രം ഒതുങ്ങുന്നില്ല. അനീതിക്കെതിരെ പ്രതികരിച്ച നേതാവ് മാത്രമായിരുന്നില്ല; എങ്ങനെയുള്ള ഒരു സമൂഹത്തിലാണ് മുൻകാല അടിമജാതി മനുഷ്യർ ജീവിക്കേണ്ടത് എന്നതിനെക്കുറിച്ച് ഒരു പുതിയ ഭാവന മുന്നോട്ടുവച്ച രാഷ്ട്രീയ ചിന്തകനുമായിരുന്നു അദ്ദേഹം. അയ്യൻകാളിയെ ഈ രീതിയിൽ വായിക്കുമ്പോൾ വിദ്യാഭ്യാസം, പൊതുവഴി, തൊഴിൽ, ഭൂമി, സംഘടന, രാഷ്ട്രീയ പ്രതിനിധിത്വം, സ്ത്രീകളുടെ സ്ഥാനം, മനുഷ്യന്റെ അന്തസ്സ് എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന പ്രശ്നങ്ങളായി മാറുന്നു. അതുകൊണ്ടുതന്നെ അയ്യൻകാളിയുടെ രാഷ്ട്രീയം ചില പ്രത്യേക പരിഷ്കാരങ്ങൾ നേടാനുള്ള ശ്രമം മാത്രമല്ല; കീഴാള മനുഷ്യനെ ആധുനിക പൗരനായി പുനർസങ്കൽപ്പിക്കുന്ന ഒരു പദ്ധതിയായിരുന്നു എന്ന് വളരെവേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.

അയ്യൻകാളിയെക്കുറിച്ചുള്ള ആദ്യകാല ഓർമ്മകളും എഴുത്തുകളും പ്രധാനമായും അദ്ദേഹത്തെ ഒരു 'സാമൂഹിക പരിഷ്കർത്താവ്' എന്ന നിലയിലാണ് അവതരിപ്പിച്ചത്. കേരളത്തിന്റെ നവോത്ഥാനചരിത്രം എഴുതപ്പെട്ടപ്പോൾ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി തുടങ്ങിയവരെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ച പരിഷ്കർത്താക്കളുടെ നിരയിൽ ഉൾപ്പെടുത്തി. ഈ വായന അയ്യൻകാളിയുടെ പ്രാധാന്യം അംഗീകരിച്ചെങ്കിലും അതിന് ഒരു പരിമിതിയുണ്ടായിരുന്നു: അയ്യൻകാളിയുടെ പ്രവർത്തനങ്ങളെ പൊതുവായ ‘നവോത്ഥാന’ത്തിന്റെ ഭാഗമായി കാണുമ്പോൾ അതിന്റെ ജാതി-അധികാര രാഷ്ട്രീയവും കീഴാള അനുഭവത്തിൽ നിന്നുള്ള പ്രത്യേകതയും ചിലപ്പോൾ മങ്ങിപ്പോകുന്നു. പിന്നീട് ദലിത് ചരിത്രരചന അയ്യൻകാളിയെ മറ്റൊരു രീതിയിൽ സമീപിച്ചു. ഇവിടെ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി പരിഷ്കാരം നടപ്പാക്കുന്ന നേതാവല്ല; സ്വന്തം സമൂഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് രാഷ്ട്രീയ അവകാശങ്ങൾ ഉന്നയിച്ച നേതാവാണ്. പൊതുവഴിയിൽ നടക്കാനുള്ള അവകാശം, കൃഷിയിടങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ അവകാശം, കുട്ടികൾക്ക് സ്കൂളിൽ പ്രവേശിക്കാനുള്ള അവകാശം, മാന്യമായ വസ്ത്രധാരണത്തിനുള്ള അവകാശം എന്നിവയെല്ലാം ഒരേ അടിസ്ഥാന ചോദ്യത്തിലേക്കാണ് എത്തുന്നത്. ആരാണ് പൊതുസമൂഹത്തിലെ മനുഷ്യൻ? ഈ ചോദ്യം അയ്യൻകാളിയുടെ രാഷ്ട്രീയത്തെ കൂടുതൽ വിശാലമാക്കുന്നു. അതിനാൽ അയ്യൻകാളിയെ ‘പരിഷ്കർത്താവ്’ എന്ന ഒറ്റ വിഭാഗത്തിൽ അടച്ചിടുന്നതിനു പകരം കീഴാള ആധുനികതയുടെ ഒരു രാഷ്ട്രീയ സങ്കൽപ്പകൻ എന്ന നിലയിൽ വായിക്കേണ്ടതുണ്ട്.

ആധുനികത’ എന്നു പറയുമ്പോൾ സാധാരണയായി വിദ്യാഭ്യാസം, ശാസ്ത്രം, വ്യവസായം, നഗരവൽക്കരണം, വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ആശയങ്ങളാണ് മുന്നിൽ വരുന്നത്. എന്നാൽ അയ്യൻകാളിയുടെ സാഹചര്യത്തിൽ ആധുനികതയുടെ ചോദ്യം വ്യത്യസ്തമായിരുന്നു. കൊളോണിയൽ മോഡേണിറ്റി (Colonial Modernity) എന്ന ആശയം ചരിത്രകാരന്മാർ ഉപയോഗിക്കുന്നത് കോളനിവൽക്കരണം ആധുനികതയെ എങ്ങനെ രൂപപ്പെടുത്തിയെന്നും, അതേ സമയം ആധുനികതയുടെ സ്വഭാവത്തെ എങ്ങനെ നിയന്ത്രിച്ചെന്നും വിശദീകരിക്കാനാണ്. റെയിൽവേ, ആധുനിക വിദ്യാഭ്യാസം, അച്ചടി, നിയമവ്യവസ്ഥ, ഭരണസംവിധാനം, ശാസ്ത്രം തുടങ്ങിയവയിലൂടെ ബ്രിട്ടീഷ് ഭരണകാലത്ത് പുതിയ സ്ഥാപനങ്ങളും ആശയങ്ങളും ഇന്ത്യയിൽ വ്യാപിച്ചു. എന്നാൽ ചരിത്രകാരന്മാർ ഇതിനെ 'പാശ്ചാത്യ ആധുനികതയുടെ ഇന്ത്യയിലേക്കുള്ള വരവ്’ എന്ന ലളിതമായ കഥയായി കാണുന്നില്ല. കോളനിവൽക്കരണവും ആധുനികതയും പരസ്പരം ബന്ധപ്പെട്ടു നിന്നിരുന്നുവെങ്കിലും, ഇന്ത്യൻ സമൂഹത്തിലെ ജാതി, വർഗം, ലിംഗം, പ്രാദേശിക സംസ്കാരം തുടങ്ങിയ ഘടകങ്ങൾ അതിനെ വ്യത്യസ്തമായി രൂപപ്പെടുത്തി എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ colonial modernity എന്നത് ഒരേസമയം വിമോചനത്തിന്റെയും നിയന്ത്രണത്തിന്റെയും സാധ്യതകൾ ഉൾക്കൊള്ളുന്ന, കോളനിയും കോളനിവൽക്കരിക്കപ്പെട്ട സമൂഹങ്ങളും തമ്മിലുള്ള ഇടപെടലിലൂടെ രൂപപ്പെട്ട സങ്കീർണ്ണമായ ആധുനികതയാണ്. ഈ സങ്കീർണ്ണതയിലാണ് നാം അയ്യൻകാളിയുടെ സംഭാവനകളെയും മനസ്സിലാക്കേണ്ടത്.

ഒരു മനുഷ്യന് പൊതുവഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത സമൂഹത്തിൽ, ആദ്യം ചോദിക്കേണ്ടത് റെയിൽവേ, ആധുനിക ഗതാഗത മാർഗങ്ങൾ എത്ര വേഗത്തിൽ വികസിച്ചു എന്നല്ല; ആ വഴിയിലൂടെ എല്ലാവർക്കും നടക്കാൻ കഴിയുന്നുണ്ടോ എന്നതാണ്. സ്കൂൾ ഉണ്ടായിരുന്നെങ്കിലും ചില കുട്ടികൾക്ക് അതിന്റെ വാതിൽ ജാതിയുടെ പേരിൽ അടഞ്ഞിരുന്നെങ്കിൽ വിദ്യാഭ്യാസത്തിന്റെ ആധുനികത അപൂർണ്ണമാണ്. നിയമപരമായി മനുഷ്യർ സ്വതന്ത്രരായിരുന്നെങ്കിലും ജാതിയുടെ പേരിൽ ഒരാൾ മറ്റൊരാളുടെ മുന്നിൽ അടിമത്തസമാനമായ അവസ്ഥയിൽ തുടരുകയാണെങ്കിൽ ആധുനികതയുടെ അവകാശവാദം പൊള്ളയാണ്. ഇവിടെയാണ് അയ്യൻകാളിയുടെ രാഷ്ട്രീയത്തിന്റെ പ്രത്യേകത. അദ്ദേഹം ആധുനികതയെ വെറും പുതിയ സ്ഥാപനങ്ങളായി കണ്ടില്ല. മനുഷ്യന് പൊതുസ്ഥലത്ത് സഞ്ചരിക്കാനും പഠിക്കാനും തൊഴിൽ ചെയ്യാനും സംഘാടനപ്പെടാനും സംസാരിക്കാനും മാന്യമായി ജീവിക്കാനും കഴിയുന്ന അവസ്ഥയായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ ആധുനികത പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് അയ്യൻകാളിയുടെ ആധുനികതയെ ‘കീഴാളരുടെ ആധുനികത’ എന്നു വിളിക്കാം. അത് മേൽനിന്ന് താഴേക്ക് നൽകുന്ന ആധുനികതയല്ല; താഴെനിന്ന് അവകാശമായി ആവശ്യപ്പെടുന്ന ആധുനികതയാണ്.

അയ്യൻകാളിയുടെ ചിന്തയിൽ വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തെ അദ്ദേഹം വെറും വ്യക്തിയുടെ തൊഴിൽ സാധ്യത മെച്ചപ്പെടുത്തുന്ന ഉപാധിയായി കണ്ടിരുന്നില്ല. ജാതിവ്യവസ്ഥയിൽ അറിവ് തന്നെ അധികാരത്തിന്റെ ഒരു രൂപമായിരുന്നു. ആരാണ് പഠിക്കേണ്ടത്, ആരാണ് വായിക്കേണ്ടത്, ആരാണ് എഴുതേണ്ടത്, ആരാണ് അറിവിന്റെ ഉടമയാകേണ്ടത് എന്നതെല്ലാം സാമൂഹിക അധികാരവുമായി ബന്ധപ്പെട്ടിരുന്നു. അതിനാൽ ദലിത് കുട്ടിക്ക് സ്കൂളിന്റെ വാതിൽ തുറക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള പ്രവേശനം മാത്രമല്ല. അറിവിന്റെ അധികാരത്തിലേക്കുള്ള പ്രവേശനമായിരുന്നു. ഒരു കുട്ടി സ്കൂളിൽ പോകുന്നു എന്നത് ഭാവിയിൽ അവൻ ഒരു ജോലി നേടും എന്നതിലുപരി, അവൻ സമൂഹത്തെ വായിക്കാൻ പഠിക്കും, സ്വന്തം ജീവിതത്തെ മറ്റുള്ളവർ നിർവചിക്കുന്നതിനെ ചോദ്യം ചെയ്യും, തന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കും എന്നതാണ് അതിന്റെ രാഷ്ട്രീയ അർത്ഥം. അതുകൊണ്ട് അയ്യൻകാളിക്ക് വിദ്യാഭ്യാസം ഭാവിയുടെ നിർമ്മാണം കൂടിയായിരുന്നു.

അയ്യൻകാളിയുടെ രാഷ്ട്രീയത്തെ ഇന്നത്തെ ഭാഷയിൽ വായിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സങ്കൽപ്പമാണ്. അതുകൊണ്ട് അയ്യൻകാളി നവോത്ഥാനത്തിന്റെ ഒരു ‘ഫലം’ മാത്രമല്ല; കേരളത്തിന്റെ ആധുനികത നിർമ്മിക്കുന്നതിൽ സജീവമായി ഇടപെട്ട ഒരു ചരിത്രകർത്താവാണ്. അദ്ദേഹത്തെ വീണ്ടും വായിക്കേണ്ടത് ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളിലൂടെയാണ്. വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുന്നുണ്ടോ എന്നതിലുപരി, വിദ്യാഭ്യാസം എല്ലാവരെയും തുല്യ പൗരന്മാരാക്കുന്നുണ്ടോ? പൊതുവഴികൾ എല്ലാവർക്കും തുറന്നിട്ടുണ്ടോ എന്നതിലുപരി, പൊതുസമൂഹത്തിൽ എല്ലാവരുടെയും സാന്നിധ്യം തുല്യമായി അംഗീകരിക്കപ്പെടുന്നുണ്ടോ? അതിനാൽ അയ്യൻകാളിയെ ഒരു 'പരിഷ്കർത്താവ്’ എന്നതിലുപരി, സാമൂഹിക ജനാധിപത്യത്തിന്റെ മുൻഗാമി, വിദ്യാഭ്യാസത്തെ വിമോചനത്തിന്റെ രാഷ്ട്രീയ ഉപാധിയാക്കിയ നേതാവ്, കൂടാതെ ഭാവിയിലെ ഒരു സമത്വസമൂഹത്തെ സങ്കൽപ്പിച്ച ചരിത്രപുരുഷൻ എന്ന നിലയിൽ വായിക്കാം. അയ്യൻകാളിയുടെ ഏറ്റവും വലിയ സംഭാവന ഒരുപക്ഷേ ഒരു പ്രത്യേക അവകാശം നേടിയെടുത്തതിൽ മാത്രമല്ല. ഞങ്ങളും ഈ സമൂഹത്തിന്റെ 'ഭാവിയുടെ ഉടമകളാണ്’ എന്ന അവകാശബോധം കീഴാള സമൂഹത്തിൽ സൃഷ്ടിച്ചതിലാണ്.

Share this link